India National

ചെറിയ നികുതി ‘വെട്ടിപ്പു’കള്‍ക്ക് ‘ശിക്ഷ’യില്ല, നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയം: നിര്‍മല സീതാരാമന്‍

സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാം ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു‍. ചെറുകിട, ഇടത്തരം കമ്പനികൾക്കും, കയറ്റുമതിക്കാർക്കുമുള്ള പലിശ എകീകരണ സ്കീം ഉയർത്തി.

കയറ്റുമതി ഉത്തേജനത്തിനായി റിസർവ് ബാങ്ക് 62000 കോടി നല്‍കും. രാജ്യത്തെ പ്രധാന നാല് നഗരങ്ങളില്‍ മെഗാഷോപ്പിങ് ഫെസ്റ്റിവെലുകള്‍ സംഘടിപ്പിക്കുമെന്നും ജി.എസ്.ടി കൗൺസിലിന് മുമ്പ് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്റ്റംബർ 19 ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുത്യാരമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. ചെറിയ നികുതി പിശകുകള്‍ക്കു ശിക്ഷാനടപടികൾ‌ ഒഴിവാക്കും.

സമ്പദ് രംഗം തിരിച്ചുവരവന്റെ സൂചന നല്‍കുന്നുണ്ട്. സര്‍ക്കാരിന്റെ ലക്ഷ്യം സ്വതന്ത്ര വ്യാപാര നയമാണ്. ഈ മാസം 19 മുതല്‍ ജി.എസ്.ടി പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കും. വസ്ത്ര വിപണന രംഗത്തെ നികുതി ഘടനയില്‍ മാറ്റം വരുത്തും. ചെറുകിട കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കുമുള്ള പലിശ ഏകീകരിക്കും. 2020 മാര്‍ച്ച് മുതലാണ് രാജ്യത്തെ നാല് നഗരങ്ങളില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുക. ഭവന നിര്‍മാണ മേഖലയിലെ മാന്ദ്യം മറികടക്കാനുള്ള തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഭവന നിര്‍മാണ വായ്പകള്‍ക്ക് പലിശ നിരക്ക് കുറക്കും. 60 ശതമാനം പൂര്‍ത്തിയാക്കിയ ഭവന നിര്‍മാണത്തിന് പ്രത്യേക സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.