ആറ് മാസങ്ങള്‍ക്ക് മുമ്പാണ് തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചത്. 2019 ജനുവരി ഒന്ന് മുതല്‍ നിരോധം നിലവില്‍ വരികയും ചെയ്തു. നിരവധി മേഖലകളെ ഈ പ്ലാസ്റ്റിക് നിരോധം വലിയ തോതില്‍ ബാധിച്ചു. പലരും പ്ലാസ്റ്റിക് നിരോധം വഴിയുള്ള വെല്ലുവിളികളെ ലളിതമായി മറികടക്കുകയും ചെയ്തു.
പലചരക്കു കടകളിലും മറ്റും പ്ലാസ്റ്റ് കവറുകള്‍ക്ക് പകരം സഞ്ചികളും വാഴയിലകളും മറ്റും നിറഞ്ഞു. കരിക്ക് വില്‍പ്പനക്കാരാണ് പ്ലാസ്റ്റിക് നിരോധം നേരിട്ട് ബാധിച്ചവരില്‍ ഒരു കൂട്ടര്‍. സ്‌ട്രോകള്‍ വരാതായതോടെ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. ജൈവകര്‍ഷകനായ മധുരക്കാരനായ തങ്കം പാണ്ഡ്യനാണ് കരിക്കുവില്‍പ്പനക്കാര്‍ക്ക് സ്‌ട്രോയുടെ ബദല്‍ അവതരിപ്പിച്ചിരിക്കുന്നത്. പപ്പായ തണ്ടുകളാണ് സ്‌ട്രോക്ക് പകരമായി തങ്കം പാണ്ഡ്യന്‍ കൊണ്ടുവന്നിരിക്കുന്നത്.
സ്വന്തം പപ്പായ ഫാമില്‍ നിന്നാണ് തങ്കം പാണ്ഡ്യന്‍ പപ്പായ തണ്ടുകള്‍ ശേഖരിക്കുന്നത്. സാധാരണ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലാതെ നശിച്ചുപോകുന്നയാണ് പപ്പായ തണ്ടുകള്‍. നിശ്ചിത വലിപ്പമെത്തിയാല്‍ പപ്പായ തണ്ടുകള്‍ ചെത്തിക്കളയുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. അത്തരം തണ്ടുകളെ കൃത്യമായ നീളത്തില്‍ മുറിച്ചെടുത്ത് ഉണക്കിയാണ് സ്‌ട്രോയായി ഉപയോഗിക്കുന്നത്. ഇത് വെയിലില്‍ ഉണക്കിയശേഷമാണ് ഉപയോഗിക്കുക. പപ്പായയുടെ പശയില്‍ നിന്നും കറയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ വെയിലത്തിടല്‍.
തിരുനെല്‍വേലിയിലെ തെങ്കാശിയിലുള്ള കരിക്കുവില്‍പ്പനക്കാരനായ ജെ. ഷണ്‍മുഖ നാഥന്‍ സ്‌ട്രോയുടെ പകരം മറ്റൊന്നാണ് കണ്ടെത്തിയത്. ചെറു മുളകളെ മുറിച്ചെടുത്താണ് ഷണ്‍മുഖ നാഥന്‍ കരിക്ക് വാങ്ങുന്നവര്‍ക്ക് നല്‍കുന്നത്. സാധാരണ വലിപ്പമുള്ള മുളയില്‍ നിന്നും 6 മുതല്‍ പത്ത് സ്‌ട്രോകള്‍ വരെ ഉണ്ടാക്കാമെന്നാണ് ഷണ്മുഖനാഥന്റെ അനുഭവസാക്ഷ്യം.