സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വാര്‍ധ്യക പെന്‍ഷന് അര്‍ഹയല്ലെന്ന് അധികൃതര്‍ വിധിയെഴുതിയതോടെ 65 കാരിയായ വൃദ്ധ സഹായിക്കാനാരുമില്ലാതെ കഴിഞ്ഞുകൂടുന്നത് മധുരയിലെ ഒരു പൊതു കക്കൂസില്‍. 65 കാരിയായ കറുപ്പായി എന്ന സ്ത്രീ കഴിഞ്ഞ 19 വർഷമായി മധുരയിലെ രാംനാട് പ്രദേശത്തുള്ള ഒരു പൊതു കക്കൂസിലാണ് താമസിക്കുന്നത്. കറുപ്പായി അതിജീവനത്തിനായി പൊതു കക്കൂസില്‍ ജീവിതം തള്ളി നീക്കുന്നത് എങ്ങനെയെന്ന് വാർത്താ ഏജൻസിയായ എ.എന്‍.ഐ ചിത്രങ്ങള്‍ സഹിതം പുറത്തു വിട്ടതോടെയാണ് ഇക്കാര്യം ജനശ്രദ്ധയാകര്‍ഷിച്ചത്.
“65 കാരിയായ കറുപ്പായി കഴിഞ്ഞ 19 വർഷമായി രാംനാഥിലെ ഒരു പൊതു കക്കൂസില്‍ താമസിക്കുന്നു. കക്കൂസുകള്‍ വൃത്തിയാക്കിയാണ് ഇവര്‍ ഉപജീവനമാർഗം കണ്ടെത്തുന്നത്” എന്ന അടിക്കുറിപ്പോടെയാണ് എ.എന്‍.ഐ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. കക്കൂസുകള്‍ വൃത്തിയാക്കുന്ന കറുപ്പായി, അവ ഉപയോഗിക്കുന്ന ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാതെ ഒരു പൊതു കക്കൂസില്‍ എങ്ങനെ കറുപ്പായി കഴിയുന്നുവെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
കക്കൂസില്‍ താമസിക്കാന്‍ നിര്‍ബന്ധിത ആയതിനെ കുറിച്ച് കറുപ്പായിയോട് ചോദിച്ചപ്പോള്‍ “ഞാന്‍ വാര്‍ധക്യ പെന്‍ഷന് വേണ്ടി അപേക്ഷിച്ചിരുന്നു. പക്ഷേ അത് ലഭിച്ചില്ല. ഞാൻ കലക്ടറുടെ ഓഫീസിലെ പല ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. എനിക്ക് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ താമസം പൊതു കക്കൂസിലേക്ക് ചുരുക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. പകലന്തിയോളം പണിയെടുത്താല്‍ എനിക്ക് കിട്ടുന്നത് 70-80 രൂപയാണ്. എനിക്കൊരു മകളുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അവളെന്നെ കാണാന്‍ വന്നിട്ടില്ല.” എന്ന മറുപടിയാണ് ലഭിച്ചത്. കറുപ്പായിയുടെ ചിത്രങ്ങള്‍ വൈറലായതോടെ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്.