ഉത്സവ- ആഘോഷ വേളകളിലെ ജനക്കൂട്ടം കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. വിശ്വാസം തെളിയിക്കാന്‍ വേണ്ടി ആളുകളോട് വന്‍തോതില്‍ തിങ്ങിക്കൂടാൻ ഒരു ദൈവമോ മതമോ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സൺഡേ സംവാദത്തിന്റെ എപ്പിസോഡിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിശദമായ കോവിഡ് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്ന വീഴ്ചകള്‍ സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഉത്സവ- ആഷോഷ പരിപാടികളെല്ലാം വീടുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നവയായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിശ്വാസം തെളിയിക്കാന്‍ വേണ്ടി വലിയതോതിൽ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ ഒരു ദൈവമോ മതമോ ആവശ്യപ്പെടുന്നില്ല. ആളുകൾ കൂട്ടം ചേർന്നും ആഢംബരമായും ഉത്സവങ്ങൾ ആഘോഷിക്കണമെന്നും എവിടെയും പറഞ്ഞിട്ടില്ല. ഈ കൂട്ടം ചേർന്നുള്ള പ്രവണത ഇനിയും തുടർന്നാൽ നാം വലിയ അപകടത്തിലേക്കായിരിക്കും പോകുക. അതുകൊണ്ട് പ്രോട്ടോക്കോൾ പാലിക്കാൻ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. അദ്ദേഹം പറഞ്ഞു
ഉത്തരേന്ത്യയിൽ ദസ്റയും ദീപാവലിയുമടക്കമുള്ള ഉത്സവകാല സീസൺ വരാനിരിക്കെയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. നേരത്തെ മഹാരാഷ്ട്രയിലും കേരളത്തിലും ഗണേശോത്സവവും ഓണവുമടക്കമുള്ള തിരക്കേറിയ ആഘോഷങ്ങളാണ് കോവിഡ് രോഗികളുടെ വർധനവിനിടയാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.