India National

തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്ന് സീതാറാം യെച്ചൂരി


കോൺഗ്രസുമായി സഹകരിക്കില്ലെന്ന് പറയുന്നതിൽ കാര്യമില്ലെന്നും തമിഴ്നാട്ടിലെ ഫലത്തിന്റെ അർത്ഥം മനസിലാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം റാം യെച്ചൂരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയുടെ പരാമർശം. ബി ജെ പി ഉയർത്തുന്ന വെല്ലുവിളിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും യെച്ചൂരി യോഗത്തിൽ വ്യക്തമാക്കി. യോഗം തുടരുകയാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസിനോടൊപ്പം മത്സരിച്ച തമിഴ്നാട്ടിൽ പാർട്ടി നേട്ടമുണ്ടാക്കിയത് കാണണമെന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കേണ്ടത് ഇപ്പോഴത്തെ ആവശ്യമാണെന്നും അത് തിരിച്ചറിയണമെന്നും യെച്ചൂരി ഓർമിപ്പിച്ചു. കോൺഗ്രസുമായി ധാരണ ഉണ്ടായിരുന്നെങ്കിൽ പ്രകടനം മെച്ചപ്പെടുത്താമെന്നായിരുന്നു ബംഗാൾ ഘടകത്തിന്റെയും നിലപാട്.

എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസുമായി ധാരണയുണ്ടാക്കുക എന്ന ആശയകുഴപ്പം പ്രവർത്തകർക്കിടയിൽ ഉണ്ടായെന്ന് റിപ്പോർട്ടിൽ ത്രിപുര ഘടകം ചൂണ്ടിക്കാട്ടുന്നു. വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇതിൽ ശക്തമായി തിരിച്ചുവരാൻ വരാൻ കഴിയും എന്നാണ് കേരള ഘടകം കേന്ദ്രകമ്മിറ്റി അറിയിച്ചത്. വിവിധ സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര കമ്മിറ്റിയിൽ ചർച്ച പുരോഗമിക്കുന്നത്. ചർച്ചയ്ക്കൊടുവില്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എന്തൊക്കെ തിരുത്തലുകൾ പാർട്ടിയിൽ ആവശ്യമാണെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.