പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമായതോടെ ഡൽഹിയിൽ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപുർ, ജാഫ്രബാദ്, യു.പി ഭവൻ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ജാമിയ മിലിയ വിദ്യാർഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി. സംയമനം പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തർപ്രദേശിൽ 21 ജില്ലകളിൽ ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുലന്ദ്ഷഹർ, ആഗ്ര, സിതാപുർ, മീററ്റ് തുടങ്ങിയ തുടങ്ങിയ ഇടങ്ങളിൽ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. സാമൂഹ്യമാധ്യമങ്ങളും നിരീക്ഷിച്ച് വരികയാണ് എ.ഡി.ജി പി.വി.രാമശാസ്ത്രി പറഞ്ഞു. സംഘര്‍ഷമേഖലകളില്‍ പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തും.
യു.പിയില്‍ പ്രതിഷേധക്കാരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് 372 പേര്‍ക്ക് ഇതിനായി നോട്ടിസ് അയച്ചു. പ്രക്ഷോഭത്തില്‍ യുപിയില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 327 എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു. 1,113 പേരെ അറസ്റ്റു ചെയ്തു. സമൂഹമാധ്യമങ്ങള്‍ വഴി പ്രകോപനത്തിന് ശ്രമിച്ചെന്നാരോപിച്ച് 124 പേരെയും അറസ്റ്റു ചെയ്തു. 9,372 ട്വിറ്റര്‍ അക്കൗണ്ടുകളും 9,856 ഫെയ്സ്ബുക്ക് അക്കൗണ്ടുകളും 181 യൂട്യൂബ് പ്രൊഫൈലുകളും ബ്ലോക് ചെയ്തതായും യു.പി പൊലീസ് അറിയിച്ചു. ജാമിയ മില്ലിയ സര്‍വകലാശാല സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയിലെ യുപി ഭവനില്‍ പ്രതിഷേധിക്കും.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് ജാമിയ മിലിയ വിദ്യാർഥികളുടെ ഉപരോധസമരം. ചാണക്യ പുരിയിലെ യു.പി ഭവൻ വിദ്യാർഥികൾ ഉപരോധിക്കും. എന്നാൽ സമരത്തിന് പോലീസിന്റെ ഇതുവരെ അനുമതി കിട്ടിയിട്ടില്ല.