പ്രവാസികൾക്ക് ഇത്തവണയും ഇ- വോട്ട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകാൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക്ക് തപാൽ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരോ എതിരല്ല. എന്നാൽ, ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി അത് നടപ്പാക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കമ്മീഷനെ അറിയിച്ചത്.
വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾക്ക് മാത്രമാണ് ഇപ്പോൾ വോട്ട് ചെയ്യാൻ സാധിക്കുക. കോവിഡിൻെറ പഞ്ചാത്തലത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ പോളിങ് ബൂത്തുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർധനവാണ് ഉണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ സുനിൽ അറോറ വ്യക്തമാക്കി.കേരളത്തില്‍ 40,771 പോളിങ് ബൂത്തുകള്‍ ഉണ്ടാകും. 2016ല്‍ 21,794 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണും.