ജയ്‌പൂർ: രാജസ്ഥാനിൽ കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട് പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ മാറണമെന്ന് താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി കസേര തന്നെ വിടുന്നില്ല. തന്‍റെ മേല്‍ ഗാന്ധി കുടുബം വിശ്വാസം സൂക്ഷിക്കുന്നതില്‍ എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഗെലോട്ട് പ്രതികരിച്ചു. താനും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്ക്രീനിങ് കമ്മിറ്റിയില്‍ ഒറ്റ പേരും പോലും താന്‍ എതിര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയും രാജസ്ഥാൻ മുഖ്യമന്ത്രി ഉയർത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സംസ്ഥാനങ്ങളിൽ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജൻസികളെ വെച്ചുള്ള രാഷ്ട്രീയ വേട്ടയാടൽ ഒരു സർക്കാരിന് ചേരുന്നതല്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ റെയ്‌ഡുകൾ ഒഴിവാക്കാൻ കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വസുന്ധര രാജെ സിന്ധ്യയോട് ബിജെപി ചെയ്യുന്നത് അനീതിയാണ്. തന്റെ പേരിൽ അവരെ ബിജെപി അവഗണിക്കരുതെന്നും വസുന്ധര രാജ സിന്ധ്യയെ ബിജെപി അവഗണിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. .