India

എൻഎസ്ഒ ഗ്രൂപ്പുമായി സർക്കാർ ഒരു ഇടപാടും നടത്തിയിട്ടില്ല : പ്രതിരോധ മന്ത്രാലയം

പെഗസിസ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം പാർലമെന്റിൽ. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിനാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്റെ മറുപടി.

കേന്ദ്രസർക്കാർ ഏതെങ്കിലും ഇടപാടുകൾ എൻഎസ്ഒ ഗ്രൂപ്പുമായി നടത്തിയിട്ടുണ്ടോ എന്നായിരുന്നു ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യം. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, എൻഎസ്ഒ ഗ്രൂപ്പുമായി പ്രതിരോധ മന്ത്രാലയം ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മറുപടിയാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ നൽകിയത്. മറ്റ് ഏതെങ്കിലും മന്ത്രാലയങ്ങൾ ഇടപാട് നടത്തിയോയെന്ന കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഫോൺ ചോർത്തൽ വിഷയത്തിൽ പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധമുയർത്തി. അതേസമയം, പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പുനഃസ്ഥാപിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ പാസാക്കുന്നതിൽ പ്രതിപക്ഷം സഹകരിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തി പാർലമെന്റിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഈ വിഷയങ്ങൾ ഉന്നയിച്ച് ബുധനാഴ്ച പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും.