India National

ഇന്ത്യയില്‍ സാമൂഹിക വ്യാപനമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; 90 ശതമാനം ​കേസുകളും എട്ട്​ സംസ്ഥാനങ്ങളിൽ

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഇന്ത്യയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഇന്നു നടത്തിയ ചര്‍ച്ചയിലും രാജ്യത്ത്‌കോവ്ഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചത്. എന്നാല്‍ രാജ്യത്തെ ചില പോക്കറ്റുകളില്‍ രോഗവ്യാപനം ഉയര്‍ന്ന നിലയിലാണ്. 90 ശതമാനം രോഗികളും എട്ട്​ സംസ്ഥാനങ്ങളിലാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനര്‍ത്ഥം ഇന്ത്യയില്‍ സമൂഹവ്യാപനം സംഭവിച്ചു എന്നല്ലെന്ന്, മന്ത്രിതല സമിതിയുടെ യോഗശേഷം ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യയി​ൽ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന റെക്കോർഡിലെത്തിയതിന്​ പിന്നാലെയാണ്​ ആരോഗ്യമന്ത്രിയുടെ പ്രതികരണം

സംസ്ഥാനങ്ങളിലെ ആശുപത്രികളിലെ ഐ.സി.യുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഉപേദശങ്ങളും നല്‍കാനും വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് എന്നാണ് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയായ കാഴ്ചപ്പാടോടെയാണ് വിലയിരുത്തേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പത്തുലക്ഷം പേരില്‍ 538 ആളുകള്‍ എന്ന നിലയിലാണ്. അതേസമയം ലോകശരാശരി 1453 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം 24,879 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 7,67,296 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചത്​​. മഹാരാഷ്​ട്ര, തമിഴ്​നാട്​, കർണാടക, ​ഡൽഹി, തെലങ്കാന, യു.പി, ആന്ധ്രപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ കേസുകളിൽ ഭൂരിപക്ഷവും.

നേരത്തെ മുംബൈയിൽ മാത്രം കോവിഡ്​ മരണം 5,000 കടന്നിരുന്നു. 62 പേരാണ്​ കഴിഞ്ഞ ദിവസം മാത്രം മരിച്ചത്​. 23,214 പേരാണ്​ മുംബൈയിൽ മാത്രം രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. സമാന സ്ഥിതി തന്നെയാണ്​ ഡൽഹിയിലും നിലവിലുള്ളത്​.