സഖ്യങ്ങളുണ്ടാക്കാന്‍ സോണിയയും രാഹുലും മമതയും വിളിച്ചു ചേര്‍ത്ത യോഗങ്ങളും ചന്ദ്രബാബു നായിഡു നടത്തിയ നീക്കങ്ങളും വെറുതെയായപ്പോള്‍ എണ്ണമറ്റ ചോദ്യങ്ങള്‍ കൂടിയാണ് ബാക്കിയാകുന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്തവരില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നില്‍ക്കാനായത് വിരലിലെണ്ണാവുന്ന സംഘടനകള്‍ക്ക് മാത്രം. കോണ്‍ഗ്രസിനും നായിഡുവിനു പോലും ഒന്നിച്ചു തെരഞ്ഞെടുപ്പ് നേരിടാനായില്ലെന്നതാണ് വിരോധാഭാസം.
കഴിഞ്ഞ വര്‍ഷം മെയ് 23ന് ബംഗളൂരുവില്‍ കുമാര സ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളുടെ ദൃശ്യങ്ങള്‍ മതേതര സംഘടനകളുടെ അവസരവാദ രാഷ്ട്രീയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് മാറുന്നത്. മായാവതിയും മമതയും അരവിന്ദ് കെജരിവാളും സീതാറാം യെച്ചൂരിയും പവാറും അഖിലേഷ് യാദവുമൊക്കെ സോണിയയോടൊപ്പം ഈ ശക്തി പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. ഐക്യം പക്ഷെ കടലാസിലൊതുങ്ങി.
പ്രാദേശികമായി അങ്ങിങ്ങ് സീറ്റുകള്‍ നേടിയതൊഴിച്ചാല്‍ ബി.ജെ.പിയെ ഒന്നിച്ചെതിരിടാനുള്ള ഒരു നീക്കവും പിന്നീടുണ്ടായില്ല. ഫെഡറല്‍ മുന്നണി രൂപീകരിക്കാനായി ടി.ആര്‍.എസ് നടത്തിയ സമാന്തര നീക്കവും എങ്ങുമെത്താതെ പോയി. തുടര്‍ന്നു നടന്ന അസംബ്‌ളി തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മായാവതി ഒറ്റക്ക് കരുത്ത് തെളിയിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നതായിരുന്നു കാണാനുണ്ടായിരുന്നത്. യു.പിയിലെസഖ്യത്തില്‍ കോണ്‍ഗ്രസ് കൂടി ഉണ്ടായിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നായേനെയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പിയെ അല്ല സഖ്യവും കോണ്‍ഗ്രസും പരസ്പരം വെട്ടിനിരത്തുകയാണ് യു.പിയില്‍ ചെയ്തതെന്നാണ് ഒടുവിലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശരദ് പവാറുമായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. തമിഴ്‌നാട്ടിലെ ഡി.എം.കെയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് മാത്രമാണ് തരംഗമുണ്ടാക്കിയത്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടു കൂടുന്നതില്‍ സീതാറാം യെച്ചൂരി പരാജയപ്പെട്ടപ്പോള്‍ ഇരു പാര്‍ട്ടികളും സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞു. രാഹുല്‍ ഗാന്ധി ആഗ്രഹിച്ചിട്ടും ഡല്‍ഹിയിലെ സീറ്റുകളില്‍ ആം ആദ്മിയുമായി കോണ്‍ഗ്രസിന് ഒന്നിച്ചു നില്‍ക്കാനായില്ല.
ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച, വി.ഐ.പി മുതലായ പാര്‍ട്ടികള്‍ മഹാസഖ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ബീഹാറില്‍ അത് നേട്ടവുമുണ്ടാക്കിയില്ല. അവസരവാദപരമായ നിലപാടുകളാണ് എല്ലാ മതേതര സംഘടനകളും സ്വീകരിച്ചത്. രാഹുല്‍ഗാന്ധിയുടെ ദൂതനായി സംസ്ഥാനങ്ങളിലൂടെ ഓടിനടന്ന നായിഡുവുമായി പോലും ആന്ധ്രയില്‍ കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതു തന്നെയായിരുന്നു ഈ നീക്കങ്ങളുടെ അര്‍ഥശൂന്യത.