India National

മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി

നരേന്ദ്ര മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കന്നിവോട്ട് സൈനികര്‍ക്ക് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതി കമ്മീഷന്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. സാങ്കേതിക പിഴവാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം.

മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കും ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും കന്നി വോട്ട് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തൊട്ട് പിന്നാലെയാണ് പെരുമാറ്റച്ചട്ട ലംഘനമാരോപിച്ച് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ് പരാതി നല്‍കിയത്. എന്നാല്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സൈറ്റ് പരിശോധിച്ചത്.

ആകെ കമ്മീഷന് ലഭിച്ച 426 പരാതികളില്‍ പ്രധാനമന്ത്രിക്ക് എതിരായ പരാതി ഉണ്ടായിരുന്നില്ല. സാങ്കേതിക തകരാര്‍ എന്നാണ് കമ്മീഷന്‍ മറുപടി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പിഴവ് സംബന്ധിച്ച് വിശദീകരണം തടയുന്നതായും മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

മോദിയ്‌ക്കെതിരായ പരാതികളില്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പരാതികളില്‍ ഉന്നയിച്ചിട്ടുള്ള പ്രസ്താവനകൾ മുഴുവനായും പരിശോധിച്ച് വരികയാണെന്നാണ് കമ്മീഷൻ മറുപടി. ഇതിനിടെയാണ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കളുടെ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങലില്‍ നടപടി എടുക്കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിത്. ടി.എം.സി നേതാവ് മോഹ മൊയ്ത്ര നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം.