India National

തിരികെയെത്തുന്ന തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കും, പുറമേ 500 രൂപയും; നിലപാട് മാറ്റി ബീഹാര്‍ മുഖ്യമന്ത്രി

തിരികെ വരുന്ന തൊഴിലാളികളുടെ യാത്രാച്ചെലവിന്‍റെ പകുതി പ്രതിപക്ഷം വഹിക്കുമെന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നയത്തിൽ മാറ്റം വരുത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ട്രെയിനിൽ തിരികെ നാട്ടിലേക്ക് എത്തുന്ന ഓരോ തൊഴിലാളിക്കും മുഴുവൻ ടിക്കറ്റ് നിരക്കും തിരിച്ചു നല്‍കുമെന്നും ടിക്കറ്റ് നിരക്കിന് പുറമേ അധിക തുകയായ് 500 രൂപ കൂടെ നല്‍കുമെന്നും നിതീഷ് കുമാര്‍ അറിയിച്ചു. നാടുകളിലേക്ക് മടങ്ങിയെത്താന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും പണം ചെലവാക്കേണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

‘വിവിധയിടങ്ങളിലായ് കുടുങ്ങിക്കിടക്കുന്ന ബീഹാറിലെ വിദ്യാര്‍ഥികളെ സൌജന്യമായ് നാട്ടിലെത്തിക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ട്., ഇതിന് സമാനമായ സൗകര്യം പുറം നാടുകളില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്കും നൽകാന്‍ ഇതോടൊപ്പം തീരുമാനിച്ചിരിക്കുന്നു’ നിതീഷ് കുമാർ പറഞ്ഞു. നേരത്തെ തൊഴിലാളികളുടെ മടങ്ങിവരവിനായ് ഭരണപക്ഷം അനുകൂല നിലപാട് സ്വീകരിക്കാത്തതിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷി നേതാവായ തേജസ്വിനി യാദവ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തിരികെ വരുന്ന തൊഴിലാളികളുടെ യാത്രാച്ചെലവിന്‍റെ പകുതി പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡി വഹിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.

മറ്റ് സംസ്ഥാനങ്ങൾ തങ്ങളുടെ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥന നടത്തിയപ്പോഴും ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ നിലവില്‍ എവിടെയാണോ അവിടെ തന്നെ തുടരാനായിരുന്നു നിതീഷ് കുമാര്‍ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തോടൊപ്പം ഭരണപക്ഷത്തിന്‍റെ സഖ്യകക്ഷിയായ ബി.ജെ.പിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തിരികെ വരുന്ന തൊഴിലാളികളുടെ യാത്രാച്ചെലവിന്‍റെ പകുതി പ്രതിപക്ഷം വഹിക്കുമെന്ന തേജസ്വി യാദവിന്‍റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബീഹാര്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം