India National

ദല്‍ഹിയില്‍ കിട്ടിയത് ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചുകൊടുത്ത് നിതീഷ് കുമാര്‍?

ജെ.ഡി.യു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടു. ആരു മന്ത്രിയാകുമെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പിക്കായി ഒഴിച്ചിട്ട സ്ഥാനത്തില്‍ പിന്നീട് ആളുവരുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദി അറിയിച്ചു. ഈ മന്ത്രിസ്ഥാനം സ്വീകരിക്കണമോയെന്ന് ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല.

അതേസമയം മന്ത്രിസഭാ വികസനത്തിനെ കേന്ദ്രമന്ത്രിസഭയില്‍ പ്രാധാന്യം ലഭിക്കാത്തതിലുള്ള പ്രതിഷേധമല്ല എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബീഹാറിലെ എന്‍.ഡി.എ സഖ്യ സര്‍ക്കാരില്‍ ജെ.ഡി.യുവിന് അര്‍ഹമായ മന്ത്രിസ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഇപ്പോള്‍ അത് നികത്തിയെന്നുമാത്രമേയുള്ളുവെന്നും നിതീഷ്‌കുമാര്‍ വിശദികരിക്കുന്നു.

കേന്ദ്രത്തില്‍ മോദി മന്ത്രിസഭയില്‍ ജെഡിയുവിന് ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ നിതീഷ് കുമാറും പാര്‍ട്ടിയും പ്രതിഷേധം അറിയിച്ചിരുന്നു. അതിനാലാണ് നിതീഷ് കുമാര്‍ ബിഹാറില്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നാണു വിലയിരുത്തല്‍. കേന്ദ്രമന്ത്രിസഭയില്‍ എത്ര സീറ്റുകളില്‍ സഖ്യകക്ഷികള്‍ ജയിച്ചുവെന്ന കണക്കു നോക്കാതെ ഒരോ സീറ്റ് വീതമാണ് എല്ലാവര്‍ക്കും നല്‍കിയത്.

പ്രശ്നപരിഹാരത്തിനായി ജെഡിയുവുമായി ബിജെപി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം വേണം എന്ന നിലപാടില്‍ നിന്ന് ജെഡിയു പിന്നാക്കം പോയിട്ടില്ല. പ്രശ്ന പരിഹാരത്തിനായി ഒരു കാബിനറ്റ് മന്ത്രി സ്ഥാനം, സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി, ഒരു സഹമന്ത്രി എന്നിങ്ങനെയൊരു ഫോര്‍മുലയാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതിനോട് ജെ.ഡി.യു അനൂകൂല നിലപാടല്ല സ്വീകരിക്കുന്നത്.

ബിഹാറില്‍ മത്സരിച്ച 17 സീറ്റുകളില്‍ 16ലും ജെ.ഡി.യു വിജയിച്ചിരുന്നു. ബി.ജെ.പി അവര്‍ മത്സരിച്ച 17 സീറ്റിലും വിജയിച്ചു.