ബിഹാറിൽ എൻഡിഎയിൽ നിന്ന് ആര് മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ യോഗത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തില്ല. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ ബി.ജെ.പിക്ക് നൽകി മുഖ്യമന്ത്രി പദം ഏറ്റെടുത്താൽ ഭരണം സുഖകരമാകില്ലെന്ന കണക്ക് കൂട്ടലിലാണ് നിതീഷ് കുമാർ. അതിനാൽ മുഖ്യമന്ത്രി പദം വേണ്ടെന്ന സമ്മർദ്ദതന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. മറുവശത്തു നിതീഷ് കുമാർ മുഖ്യമന്ത്രി ആയില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അദ്ദേഹം സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭയം ബിജെപിക്കുണ്ട്.
ഗവർണറെ കണ്ട് സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നതും സത്യപ്രതിജ്ഞ ചടങ്ങ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാനാണ് ബിഹാറിൽ എൻ.ഡി.എ ഇന്നലെ യോഗം ചേർന്നത്. എന്നാൽ വകുപ്പ് വിഭജനമടക്കമുളള കാര്യങ്ങളിൽ തീരുമാനമായില്ല. ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയും ഏറ്റെടുക്കാനായിരുന്നു ബി.ജെ.പി നീക്കം. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി ആകണമെന്ന ഫോർമുലയും മുന്നോട്ട് വെച്ചു. എന്നാൽ ഇത് ജെ.ഡി.യു അംഗീകരിച്ചില്ല. നാളെ വീണ്ടും യോഗം ചേർന്ന് പ്രശ്ന പരിഹാരം കാണാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്.എ.എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇൻസാൻ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ വേണമെന്ന നിലപാടിലാണ്.