India

ഇനി റോഡുകളില്‍ ‘ലൈവ് ഓര്‍കസ്ട്ര’; തബലയും ഓടക്കുഴലും വയലിനുമൊക്കെ ഹോണുകളാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രി

വാഹനങ്ങളിലെ ഹോണ്‍ ശബ്ദം സംഗീത ഉപകരണങ്ങളുടെ ശബ്ദമാക്കാനൊരുങ്ങി കേന്ദ്ര ഗതാഗതമന്ത്രാലയം. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഹോണുകളുടെ ശബ്ദം അലോസരപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

‘ഞാന്‍ നാഗ്പൂര്‍ നഗരത്തിലെ ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരുമണിക്കൂര്‍ പ്രാണായാമം ചെയ്യും. എന്നാല്‍ നിരത്തുകളിലെ ഹോണുകളുടെ ശബ്ദം പ്രഭാതത്തില്‍ അലോസരപ്പെടുത്തുന്നു’. അപ്പോഴാണ് ഹോണുകളുടെ ശബ്ദം സംഗീതോപകരണങ്ങളുടേതാക്കാമെന്ന് ചിന്തിക്കുന്നത്. തബല, ഓടക്കുഴല്‍, വയലിന്‍, മുതലായ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളാക്കണം. കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനായുള്ള നിയമനിര്‍മാണങ്ങള്‍ നടത്തുമെന്നും വാഹന നിര്‍മാണ കമ്പനികളുമായി സംസാരിച്ച്, നിരത്തിലിറങ്ങുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള സംവിധാനം വാഹനങ്ങളില്‍ സജ്ജമാക്കാനുള്ള നടപടികള്‍ പെട്ടന്ന് തന്നെ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.