India National

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് പോലീസ്

വിവാദസ്വാമി നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസ്. കര്‍ണാടകയില്‍ ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നിത്യാനന്ദ രാജ്യംവിട്ടതെന്ന് പി.ടി.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിത്യാനന്ദ രാജ്യം വിട്ടുവെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. സ്വാധി പ്രാണ്പ്രി യാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും തട്ടിക്കൊണ്ട് വന്ന് അനധികൃതമായി തടവില്‍ വച്ച് പണം പിരിക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇവര്‍ക്കെരെയുള്ള കുറ്റം.

ഇതിനു പിന്നാലെ നിത്യാന്ദയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവിലാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികളെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നിത്യാനന്ദയെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍ നിന്ന് ശേഖരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.