മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഉയര്‍ത്തിയ നടപടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിമാരുമായി സംസാരിക്കും. ഭേദഗതിയുടെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. അതേസമയം പിഴ തുക കൂടുതലാണ് എന്നത് കൊണ്ട് നിയമം മാറ്റണമെന്ന അഭിപ്രായമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു.
മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം പിഴ നിരക്കുകള്‍ ഇയര്‍ത്തിയ നടപടിയില്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയുമടക്കം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കേന്ദ്ര സര്‍ക്കാരും ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയതിന് പിന്നാലെ മുഖ്യമന്ത്രിമാരുമായി ഫോണ്‍മുഖേന സംസാരിക്കാന്‍ ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തീരുമാനിച്ചത്.
ഇതിനു ശേഷം എതിര്‍പ്പുകള്‍ ശമിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായേക്കും. ഇതിനിടെ അമിത പിഴയെ അനുകൂലിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ പുതിയ നിയമം നടപ്പിലാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു