India National

രണ്ടാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരണം തുടങ്ങി

രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം പൊതുബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷത്തേതു പോലെ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ധനമന്ത്രി ബജറ്റ് രേഖകൾ ലോക്‌സഭയിലേക്കു കൊണ്ടുവന്നത്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും മന്ത്രാലയ ഉദ്യോഗസ്ഥർക്കുമൊപ്പം പാർലമെന്റിലെത്തിയ അവർബജറ്റവതരണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതി തേടി.

2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക വർഷത്തിൽ ആറു മുതൽ ആറര ശതമാനം ആണ് പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്. അത് കൈവരിക്കണമെങ്കിൽ ഉത്തേജന പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു. അടിത്തട്ടിൽ പണം എത്തുന്ന തരത്തിലുള്ള പദ്ധതികൾക്ക് കൂടുതൽ തുക അനുവദിക്കുകയോ അത്തരം പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയോ വേണം. തൊഴിലില്ലായ്മ, ചെറുകിട ഇടത്തരം കച്ചവടങ്ങളുടെ തകർച്ച എന്നിവയും പരിഗണിക്കേണ്ടി വരും. പക്ഷെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും ഗ്രാമീണ മേഖലക്ക് കാര്യമായ കരുതൽ സർക്കറിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ എന്താണ് ഇത്തവണ ധനമന്ത്രി പ്രഖ്യാപിക്കുകയെന്നത് ഉറപ്പിക്കാനാവില്ല. ആദായ നികുതി, ജി.എസ്.ടി സ്ലാബുകളിലെ മാറ്റം തുടങ്ങി ചില പ്രഖ്യാപങ്ങൾ ഉണ്ടായേക്കും.