നിര്‍ഭയ കേസ് പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത സുപ്രിംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്.
നേരത്തെ ഇക്കാര്യം കാണിച്ച് പവന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളി. ഇതേതുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറന്റ് ഡല്‍ഹി പാട്യാല ഹൗസ് കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ചു.
പ്രതികളിലൊരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22ന് രാവിലെ ഏഴിനു വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനു ശേഷം മുകേഷ് സിങ് ദയാഹരജി സമര്‍പ്പിച്ചതിനാല്‍ വിധി നടപ്പാക്കല്‍ നീളുകയായിരുന്നു.
മുകേഷ് സിങിനും പവന്‍ ഗുപ്തയ്ക്കും പുറമെ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളെയാണ് തൂക്കിലേറ്റുക. കേസിലെ മറ്റൊരു പ്രതി റാം സിങ് വിചാരണയ്ക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുകയും ചെയ്തു. 2012 ഡിസംബര്‍ 16നാണ് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ കൂട്ടമാനഭംഗത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത്.