India National

നിര്‍ഭയ കേസ്: ദയാഹരജി നിരസിച്ചതിനെതിരായ വിനയ് ശര്‍മയുടെ ഹരജി കോടതി തള്ളി

നിര്‍ഭയ കേസില്‍ ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ നല്‍കിയ ഹരജി കോടതി തള്ളി. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി തള്ളിയത്.

വിനയ് ശര്‍മക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. മതിയായ പരിശോധന രാഷ്ട്രപതി നടത്തിയിട്ടില്ല എന്ന വിനയ് ശര്‍മയുടെ വാദവും കോടതി തള്ളി. മതിയായ പരിശോധന നടത്തിയാണ് ഹരജി തള്ളിയതെന്ന് കോടതി വ്യക്തമാക്കി.

ജയില്‍വാസം കാരണം മാനസിക പ്രശ്നങ്ങളുണ്ടെന്നും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമായിരുന്നു വിനയ് ശര്‍മയുടെ വാദം. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ വാദം തള്ളി. പ്രതിക്ക് മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങളിലെന്ന വാദം കോടതി മുഖവിലക്കെടുത്തു.

2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍വെച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. 2012 ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് മരിച്ചു. വിനയ് ശര്‍മക്ക് പുറമെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി.

ദയാഹരജി തള്ളിയതിനെതിരായ മുകേഷ് സിങിന്‍റെ ഹരജി സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു. ഇതോടെ മുകേഷ് സിങിനും വിനയ് ശര്‍മയ്ക്കും വധശിക്ഷ ഒഴിവാക്കാന്‍ ഇനി നിയമപരമായ മറ്റു നടപടികള്‍ ഒന്നും ഇല്ല. അക്ഷയ് കുമാറിന്റെ ദയാ ഹരജിയും രാഷ്ട്രപതി തള്ളി. എന്നാല്‍ അത് ചോദ്യം ചെയ്ത് അക്ഷയ് ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ തിരുത്തല്‍ ഹരജിയോ ദയാ ഹരജിയോ നല്‍കിയിട്ടില്ല. പ്രതികള്‍ ഹരജികള്‍ നല്‍കി വധശിക്ഷ വൈകിപ്പിക്കുകയാണെന്നും അതിനാല്‍ വെവ്വേറെ തൂക്കിലേറ്റണമെന്നുമുള്ള കേന്ദ്രത്തിന്‍റെ ഹരജിയില്‍ കോടതി പിന്നീട് വിധി പറയും.