India National

നിര്‍ഭയ കേസ് പ്രതിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതി മുകേഷ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാഷ്ട്രപതി ദയാഹരജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷ് സുപ്രീംകോടതിയില്‍ ഹരജി ന‌ല്‍കിയത്.

ഫെബ്രുവരി ഒന്നാം തീയതി തൂക്കിലേറ്റാനിരിക്കുന്ന പ്രതിയുടെ ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ഉച്ചക്ക് 12.30ന് ഹരജി പരിഗണിക്കും.

ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം വിചാരണ ചെയ്തില്ലെന്ന് കാണിച്ച് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹരജിയും ഇതേ ബഞ്ചാണ് പരിഗണിച്ചിരുന്നത്.