India National

‘നിര്‍ഭയ’യില്‍ വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം; മരണവാറന്റ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് പരിഗണിക്കും

വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മരണവാറന്റ് റദ്ദാക്കണമെന്ന നിർഭയക്കേസ് പ്രതികളുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ നിയമപരിഹാരം തേടലുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് തിഹാർ ജയിൽ അധികൃതർ സമർപ്പിക്കും. അതേസമയം, വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും ഡൽഹി പട്യാല ഹൗസ് കോടതി തീരുമാനമെടുക്കുക.

ജനുവരി ഏഴിനാണ് പട്യാല ഹൗസ് കോടതി ആദ്യ മരണവാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ, മുകേഷ് സിംഗിന്റെ ദയാഹർജി കാരണം 17ന് പുതിയ മരണവാറന്റ് ഇറക്കി. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനും നിർദേശിച്ചു. ഇതിനിടെ മറ്റൊരു പ്രതി വിനയ് ശർമ ദയാഹർജി സമർപ്പിക്കുകയായിരുന്നു.

അതേസമയം, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് പ്രത്യേക നിയമ അവകാശങ്ങൾ ഉണ്ടെന്ന 2014ലെ ശത്രുഘൻ ചൗഹാൻ കേസിലെ നിർദേശങ്ങളിൽ വ്യക്‌തത വരുത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.