India National

നീരവിന്‍റെ 100 കോടിയുടെ ബംഗ്ലാവ് സ്ഫോടനം നടത്തി തകര്‍ത്തു

പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ 100 കോടി മൂല്യമുള്ള മഹാരാഷ്ട്രയിലെ ആഡംബര ബംഗ്ലാവ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. റായ്ഗഡ് ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് ബംഗ്ലാവ് പൊളിച്ചത്.

നീരവ് മോദിയുടെ അലിബാഗിലുള്ള അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കയ്യേറ്റ ഭൂമിയില്‍ പരിസ്ഥിതി നിയമം ലംഘിച്ചാണ് ബംഗ്ലാവ് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

33000 ചതുരശ്രഅടിയില്‍ നിര്‍മിച്ച ആഡംബര ബംഗ്ലാവ് സ്ഫോടനം നടത്തിയാണ് തകര്‍ത്തത്. സാധാരണ രീതിയില്‍ കെട്ടിടം പൊളിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമായിരുന്നു. അതിനാല്‍ തൂണുകള്‍ തുളച്ച് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ശേഷം റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തി തകര്‍ക്കുകയായിരുന്നു. നീരവ് മോദി 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് ഇന്ത്യയില്‍ നിന്ന് മുങ്ങിയത്.