ഒമിക്രോൺ രോഗവ്യാപനം കൂടിയ മേഖലകളിൽരാത്രികാല കർഫ്യു ഏർപ്പെടുത്താൻ നിർദേശം. നിർദേശം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഡൽഹിയിൽ നടന്നു.
കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ നിരക്ക് കൂട്ടാനും നിർദേശം നൽകി. വാക്സിനേഷൻ കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ തീരുമാനം.
പുതിയ കൊവിഡ് വകഭേദത്തിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിശോധന, നിരീക്ഷണം, സമ്പർക്ക പട്ടിക എന്നിവ കൃത്യമായി പിന്തുടരാൻ നിർദേശം. ടെലി മെഡിസിൻ ഉൾപ്പെടെയുള്ള സമാന്തര ചികിത്സാ രീതികൾ അവലംബിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്റ്മെന്റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയന്റ്മെന്റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം.
ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന് നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന് നല്കി നിരക്ക് കൂട്ടണമെന്നും നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.