India

ഇനി ‘ഫോർ രജിസ്‌ട്രേഷൻ’ ഇല്ല; പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ നിന്ന് തന്നെ നമ്പർ പ്ലേറ്റ്

തിരുവനന്തപുരം: പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാർ വാഹനവകുപ്പ് സർക്കുലർ. ഇനി ഷോറൂമിൽ നിന്നു തന്നെ പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ലഭിക്കും. അതിസുരക്ഷാ നമ്പർ പ്ലേറ്റാകും ഘടിപ്പിക്കുക. നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തും. ഇതോടെ നിരത്തിൽ സർവസാധാരണയായ ‘ഫോർ രജിസ്‌ട്രേഷൻ’ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ അപ്രത്യക്ഷമാകും.

സ്ഥിരം രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്‌ട്രേഷനു വേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ആ വാഹനത്തിന്റെ 10 വർഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറിൽനിന്ന് ഈടാക്കും. ഡീലർ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിക്കും.

ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂവെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഈ വിവരം ഡീലർ സോഫ്‌റ്റ്വെയറിൽ ഉൾപ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ.