India

പാമ്പിനെ കൊലപാതക ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിംകോടതി

പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നും സുപ്രിംകോടതി പറഞ്ഞു.

2019 ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാനിലെ ജുൻജുഹുനു ജില്ലയിലാണ് മരുമകൾ അൽപന ഭർതൃമാതാവ് സുബോദ് ദേവിയെ കൊലപ്പെടുത്തിയത്. അൽപനയും മനീഷ് എന്ന യുവാവുമായുള്ള ബന്ധം സുബോദ് ദേവി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സുബോദ് ദേവിയെ കൊലപ്പെടുത്താൻ അൽപന തീരുമാനിച്ചത്.

കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അൽപന പാമ്പാട്ടിയുടെ പക്കൽ നിന്ന് പാമ്പിനെ വാങ്ങിയത്. ശേഷം സുബോദ് ദേവിയുടെ കിടക്കയിൽ പാമ്പിനെ ഇടുകയായിരുന്നു. പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാർ പിറ്റേദിവസം കാണുന്നത്. രാജസ്ഥാനിൽ പാമ്പുകടിയേറ്റ മരണം സ്വാഭാവികമായതിനാൽ ആരും സംശയിച്ചില്ല. എന്നാൽ അൽപനയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സച്ചിന്റെ സഹോദരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം അറിയുന്നത്.