രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രറ്റികള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് സാമൂഹ്യ-സിനിമാ-അക്കാദമിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞു.
ചരിത്രകാരി റോമില ഥാപര്‍, ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, അശോക് പിന്റെ, തുടങ്ങി 180 ഓളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹത്തിലുള്ള അനീതിക്കെതിരെ വായ മൂടിക്കെട്ടാതെ, തങ്ങളുടെ ചുമതല നിര്‍വഹിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എഴുതിയത് ഗുരുതരമായി കാണേണ്ട കാര്യമാണ്. ജനങ്ങളെ നിശബ്ദരാക്കുന്ന നടപടിക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്ന് ആക്ടിവസ്റ്റുകള്‍ സൂചിപ്പിച്ചു.
മൂന്ന് മാസം മുന്‍പ് ആള്‍ക്കൂട്ടാതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യാപ്, മണി രത്നം, ചരിത്രകാരന്‍ രാംചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, സൌമിത്ര ചാറ്റര്‍ജി എന്നിങ്ങനെ 49 പേര്‍ക്കെതിരെ ഒക്ടോബര്‍ മൂന്നിന് ബിഹാറിലെ മുസഫര്‍പൂറിലാണ് കേസ് ഫയല്‍ ചെയ്തത്. രാജ്യദ്രോഹമുള്‍പ്പടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെടുകയായിരുന്നു.