India National

മോദി ബ്രാന്‍ഡ് ഏശിയില്ല; പ്രചാരണ മുദ്രാവാക്യം മൂന്നാമതും മാറ്റി ബി.ജെ.പി

തെരഞ്ഞെടുപ്പ് മുദ്രാവാക്യം വീണ്ടും മാറ്റി ബി.ജെ.പി. ‘മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം’ എന്നതാണ് പുതിയ മുദ്രാവാക്യം. നേരത്തെയുള്ള രണ്ട് മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി രംഗത്തെത്തിയത്.

മോദിയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം സാധ്യം എന്നര്‍ഥം വരുന്ന മോദി ഹെതോ നാ മുംകിന്‍ അബ് മുംകിന്‍ ഹെ എന്നതായിരുന്നു ബി.ജെ.പിയുടെ ആദ്യ മുദ്രാവാക്യം. ഇതിന് ശേഷം ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നര്‍ഥം വരുന്ന ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി എത്തി. രണ്ട് മുദ്രാവാക്യങ്ങള്‍ക്കും ഏശുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി രംഗത്തെത്തുന്നത്. തൊഴിലില്ലായ്മയും കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതിയും സ്വാധീനം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദേശീയതയുടെ കൂടെ വികസനവും തൊഴിലുറപ്പും എടുത്തുപറഞ്ഞാണ് പുതിയ മുദ്രാവാക്യം തയ്യാറാക്കിയിരിക്കുന്നത്.

മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം എന്നര്‍ഥം വരുന്ന കാം രുഖേ ന, ദേശ് ജുക്കെ നാ മുദ്രാവാക്യമാണ് ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. ഇതിനിടെ താന്‍ ചോക്കിദാര്‍ അഥവാ കാവല്‍ക്കാരനാണ് എന്ന പ്രയോഗവുമായി മോദി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചോക്കിദാര്‍ ചോര്‍ ഹെ അഥവാ കാവല്‍ക്കാരന്‍‍ കള്ളനാണെന്ന പ്രയോഗം നടത്തിയതോടെ ഇതിന് തിരിച്ചടിയേറ്റു. മുഖം മിനുക്കാന്‍ എല്ലാ കേന്ദ്രമന്ത്രിമാരും ചൌക്കിദാര്‍ പ്രയോഗവുമായി രംഗത്തെത്തിയെങ്കിലും രാഹുല്‍ പ്രയോഗം എല്ലാ പൊതു പരിപാടികളിലും ആവര്‍ത്തിക്കുകയാണ്.