India National

മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചു കണ്ടുവെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാക്കുപിഴകള്‍ പലപ്പോഴും വലിയ വാര്‍ത്തയായിട്ടുണ്ട്. മോദി, ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കിയതും കൊച്ചിയെ കറാച്ചിയാക്കിയതുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതുപോലൊന്ന് വീണ്ടും പിണഞ്ഞുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കഴിഞ്ഞ ദവിസം മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മോദി നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.

ബാലയോഗി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പുസ്തക പ്രകാശ ചടങ്ങിനിടെയാണ് താന്‍ ആദ്യമായി ചന്ദ്രശേഖറിനെ കാണുന്നത് 1977 ല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണെന്ന് മോദി പറഞ്ഞത്. അങ്ങനെ അദ്ദേഹവുമായി സൌഹൃദം സ്ഥാപിച്ചുവെന്നും മോദി അവകാശപ്പെട്ടു. ”1977 ലാണ് ഞാന്‍ ആദ്യമായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറെ കാണുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. മുന്‍ ഉപരാഷ്ട്രപതിയായിരുന്ന ഭൈറോൺ സിങ് ശെഖാവത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍. വ്യത്യസ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രമായിരുന്നിട്ട് കൂടി ഇരു നേതാക്കളും തമ്മില്‍ അന്ന് വലിയ അടുപ്പമുണ്ടായിരുന്നു.” – മോദി പ്രസംഗത്തിനിടെ പറഞ്ഞു.

മോദിയുടെ ഈ അവകാശവാദത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. മോദി തന്റെ ജീവിതത്തെ കുറിച്ച് നേരത്തെ പറഞ്ഞതുവെച്ച് ഒട്ടും പൊരുത്തപ്പെടുന്നതല്ലല്ലോ ഇപ്പോള്‍ പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശം. 1977 ല്‍ നിങ്ങള്‍ ചായ വില്‍ക്കുകയല്ലായിരുന്നോ എന്ന് ചിലര്‍ പരിഹസിക്കുമ്പോള്‍ മറ്റു ചിലര്‍ മോദിയുടെ ഇമെയില്‍ ഉപയോഗത്തെയും മേഘ- റഡാര്‍ തിയറിയെയുമൊക്കെ ഇതുമായി ബന്ധിപ്പിക്കുന്നുണ്ട്.