ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നു. സെപ്തംബർ 9നാണ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റെക്കോർഡ് ജൂലെെ 20ന് നെതന്യാഹു കരസ്ഥമാക്കിയിരുന്നു.
ഏതാനും മണിക്കൂറുകൾ മാത്രം ഇന്ത്യയിൽ ചെലവിടുന്ന നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച മാത്രമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണിന്റെ ചരിത്രപസിദ്ധമായ ഇന്ത്യാ സന്ദർശനത്തന് കൃത്യം 16 വയസ്സ് പൂർത്തിയാകുന്ന ഘട്ടത്തിലാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്.
ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ സബാത്ത് ജനുവരിയിൽ ഇന്ത്യയിലെത്തിയ ഘട്ടത്തിലാണ് ഇന്ത്യന്‍ വൃത്തങ്ങള്‍ ഇസ്രായേൽ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ഇതേതുടർന്ന് ഫെബ്രുവരിയിൽ തീരുമാനിക്കപ്പെട്ടിരുന്ന മോദി – നെതന്യാഹു കൂടിക്കാഴ്ച്ച റദ്ദാക്കുകയാണുണ്ടായത്.
നേരത്തെ, മോദിയുടെ 2017ൽ നടന്ന തെൽ അവീവ് സന്ദർശന ശേഷം തൊട്ടടുത്ത വർഷം ജനുവരിയിൽ നെതന്യാഹു ഇന്ത്യ സന്ദർശിച്ചിരുന്നു. ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. പശ്ചിമേഷ്യയിൽ ഇന്ത്യക്കുണ്ടാകുന്ന നിലപാടുകളുടെ മാറ്റമായാണ് സന്ദർശനത്തെ നിരീക്ഷകർ വിലയിരുത്തിയത്.