India

നീറ്റ് പിജി കൗണ്‍സിലിങ്; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്‍മാണ്‍ ഭവനിലെത്താന്‍ ഡോക്ടേഴ്‌സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്ത് സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍.

ഒമിക്രോണ്‍ വ്യാപനം കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്ന ഘട്ടത്തിലാണ് അനുനയ ശ്രമം. സമരം നടത്തുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ സഫ്തര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ നിന്നും നിര്‍മാണ്‍ ഭവനിലേക്ക് പുറപ്പെട്ടു. നീറ്റ് പിജി കൗണ്‍സിലിങ് വേഗത്തിലാക്കണമെന്നും പ്രതിഷേധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം.

ഇന്നലെ നടന്ന ഐടിഒ സംഘര്‍ഷത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പ് ചുമത്തിയാണ് കേസ്. സംഘര്‍ഷത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചാണ് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം നടക്കുന്നത്. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നാളെ മുതല്‍ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌ക്കരിക്കാനാണ് തീരുമാനം. അതിനിടയിലാണ് ആരോഗ്യമന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരരംഗത്തേക്ക് ഡോക്ടര്‍മാര്‍ തിരികെയെത്തും.