India

നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും 8 ലക്ഷം രൂപയെന്ന വാർഷിക വരുമാന പരിധി നിലനിർത്തുമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

3 അംഗ ഉന്നത സമിതിയുടെ 90 പേജുള്ള റിപ്പോർട്ട് കേന്ദ്രം കോടതിക്ക് കൈമാറിയിട്ടുണ്ട്. മുന്നാക്കകാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നീറ്റ് അഖിലേന്ത്യാ ക്വാട്ടയിൽ 10 ശതമാനം സംവരണമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.