India

നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍; കേന്ദ്ര ആരോഗ്യ മന്ത്രി

നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയതിനുപിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ ഭരണ ഘടനാ സാധുത മാര്‍ച്ചില്‍ വിശദമായി പരിശോധിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.

ഈ വര്‍ഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് സംവരണം നടപ്പാക്കാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കൗണ്‍സിലിംഗിനുള്ള തടസം നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നോക്ക സംവരണത്തിനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഈ വര്‍ഷത്തേക്ക് എട്ട് ലക്ഷം രൂപ തന്നെയായിരിക്കും. സംവരണ മാനദണ്ഡങ്ങളില്‍ ഈ വര്‍ഷം മാറ്റങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന പാണ്ഡെ സമിതി ശുപാര്‍ശയാണ് കോടതി അംഗീകരിച്ചത്.

മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നു. ഈ തീരുമാനം ശരിവച്ചുകൂടിയാണ് സുപ്രിംകോടതി ഉത്തരവ്.ഒബിസി സംവരണത്തിന് സമാനമായി മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചതായിരുന്നു സുപ്രിംകോടതി ചോദ്യം ചെയ്തത്. വരുമാന പരിധി പുനപരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് രൂപം നല്‍കി. വിദഗ്ധ സമിതി ശുപാര്‍ശയനുസരിച്ച് ഈ വര്‍ഷത്തേക്ക് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും, മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.