India National

തിരുമല ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി

തിരുപ്പതിയിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി കിട്ടിയ ലഡുവില്‍ സൂചി കണ്ടെത്തി. റായ്ച്ചോതിക്കടുത്തുള്ള ദേവഗുഡിപള്ളിയില്‍ നിന്നും എത്തിയ ശശാങ്ക് റെഡ്ഡി എന്ന ഭക്തന് ലഭിച്ച ലഡുവിലാണ് സൂചി കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് ശശാങ്ക് സഹോദരനൊപ്പം ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രം കൌണ്ടറില്‍ നിന്നും പ്രശസ്തമായ ലഡു വാങ്ങുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ലഡു കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് സൂചി ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ ഗൌരവമായി എടുത്തുവെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ദേവസ്വം ചെയര്‍മാന്‍ വൈ.വി ശുഭ്ഭ റെഡ്ഡി പറഞ്ഞു. റ്റി.റ്റി.ഡി സ്പെഷ്യല്‍ ഓഫീസര്‍ ധര്‍മ്മ റെഡ്ഡിക്കാണ് ചുമതല.

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ലോകപ്രശസ്തമായ തിരുമല വെങ്കിടേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. തിരുപ്പതി ലഡു ആണ് ക്ഷേത്രത്തിലെ പ്രസാദം. പ്രത്യേക ചേരുവകള്‍ ചേര്‍ത്ത്‌ പ്രത്യേക രീതിയിലാണ്‌ തിരുപ്പതി ലഡു നിര്‍മ്മിക്കുന്നത്‌. ഒരു ലഡു 175 ഗ്രാമോളം വരും. ദിനംപ്രതി ഇവിടെ 1.5 ലക്ഷത്തോളം ലഡുവാണ്‌ നിര്‍മ്മിക്കുന്നത്‌. വാര്‍ഷികോല്‍ത്സവത്തിന്‌ രണ്ട്‌കോടിയോളം ലഡുവാണ്‌ പ്രതിവര്‍ഷം വിറ്റഴിയുന്നത്‌.