പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ പരിഷ്കാരം അനിവാര്യമാണെന്നും പഴയ നിയമങ്ങള്‍ പലതും ബാധ്യതയാണെന്നും മോദി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തിന്റെ പശ്ചാതലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
വികസനത്തിന് പരിഷ്കാരങ്ങള്‍ ആവശ്യമാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ ഭാരമായി മാറിയിരിക്കുകയാണ്, സമഗ്രമായ പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, മുമ്പ് അത് നാമമാത്രമായിരുന്നുവെന്നു മോദി പറഞ്ഞു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ട്.
കേന്ദ്ര സര്‍ക്കാറുമായി മൂന്ന് തവണ ച൪ച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ ക൪ഷക൪ സമരം ശക്തമാക്കിയിട്ടുണ്ട്. അതേസമയം കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് എത്തിയിരുന്നു.