ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 കവിഞ്ഞു. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ സംസാരിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി.
ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. കാസിരംഗ ദേശീയ പാര്‍ക്ക്, പൊബി തോറ വന്യജീവി സങ്കേതം, മാനസ് ദേശീയ പാര്‍ക്ക് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരുലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.
ബീഹാറിലും മരണസംഖ്യ 24 കടന്നു. 12 ജില്ലകളിലായി 2.6 മില്യണ്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നേപ്പാളില്‍ തുടരുന്ന മഴ ദുരിതം ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും ത്രിപുരയും മഴക്കെടുതിയിലാണ്. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. ആവശ്യമായ സഹായങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിമാര്‍ അറിയിച്ചു.