India National

എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: ശശി തരൂര്‍

കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിമര്‍ശിച്ചു.

“കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു”.. എന്നാണ് തരൂരിന്‍റെ ട്വീറ്റ്.

കൊറോണ വൈറസ് കാരണം ജോലി നഷ്ടമായവരുടെ എണ്ണം, കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൌണില്‍ ജീവന്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞത്.

കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാകട്ടെ സംസ്ഥാനങ്ങള്‍ വിവരം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രം പറഞ്ഞത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേന്ദ്രം പറഞ്ഞു.