മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ നേടുകയും 43 സീറ്റുകളിൽ മുന്നിലുമാണ്. എൻ.സി.പി 10 സീറ്റ് വിജയിക്കുകയും 45 നിയമസഭാ സീറ്റുകളിൽ ലീഡ് ചെയ്യുന്നുമുണ്ട്. കോണ്‍ഗ്രസ് 12 സീറ്റുകള്‍ വിജയിക്കുകയും 32 ഇടങ്ങളില്‍ ലീഡും ചെയ്യുന്നുണ്ട്. “288 അംഗ സഭയില്‍ 220 സീറ്റുകളില്‍ ബി.ജെ.പി വിജയിക്കുമെന്ന പ്രവചനങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എൻ.സി.പി ജനങ്ങളുടെ വിധി വിനയപൂർവ്വം സ്വീകരിക്കുന്നു. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങള്‍ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.” പവാർ പറഞ്ഞു. “പ്രതിപക്ഷത്ത് ഇരിക്കാൻ ജനങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരത്തിൽ വരാൻ ശ്രമിക്കുന്നത് ഞങ്ങളുടെ മനസില്‍ പോലുമില്ല. ഞങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ ഇനി പ്രവർത്തിക്കും,” പവാർ പറഞ്ഞു.
ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ എൻ.സി.പിയും സഖ്യകക്ഷികളും ദീപാവലിക്ക് ശേഷം കൂടിക്കാഴ്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ആർക്കാണ് ലഭിക്കുകയെന്ന ചോദ്യത്തിന് മറുപടിയായി പവാർ പറഞ്ഞു.