India

കോഴ ആരോപണം; സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

മുംബൈ ലഹരികേസിലെ കോഴ ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.

ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖിൽ നിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. 25 കോടി ചോദിച്ചെങ്കിലും 18 നു തീർപ്പാക്കാമെന്നും 8 കോടി സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈ എടുത്ത പ്രധാന സാക്ഷി കെ.പി.ഗോസാവി ഫോണിൽ പറയുന്നതു കേട്ടു എന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തൽ.

നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് സമീർ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏജൻസിയെ അപകീർത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ആര്യൻ ഖാന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകൾ റോത്തഗി ഇന്നലെ വാദം പൂർത്തിയാക്കിയിരുന്നു. എൻ.സി.ബിയുടെ വാദം ഇന്ന് നടക്കും.