India

പ്രതിദിനം 80 കൊലപാതകങ്ങള്‍, 77 പീഡനക്കേസുകള്‍; 2020ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഇങ്ങനെ

2020ല്‍ ഇന്ത്യയില്‍ പ്രതിദിനം നടന്ന കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഒരു ദിവസം ശരാശരി 80 കൊലപാതകങ്ങളും 77 ബലാത്സംഗവും രാജ്യത്ത് നടന്നിട്ടുണ്ട്. ncbr report 2020 കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സംഭവിച്ചത് 29,193 കൊലപാതകങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ഇത് 2019ല്‍ 28,915 ആയിരുന്നു. പ്രതിദിന ശരാശരി 79ഉം. 2020ല്‍

ഉത്തര്‍പ്രദേശ് 3,779, ബിഹാര്‍ 3,150, മഹാരാഷ്ട്ര 2,163, മധ്യപ്രദേശ് 2,163 പശ്ചിമ ബംഗാള്‍ 1948, ഡല്‍ഹി 472 എന്നിങ്ങനെയാണ് കൊലപാതകങ്ങളില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രതിദിന കണക്ക്.

ഒരു ദിവസം ഇന്ത്യയില്‍ ശരാശരി 77 പേര്‍ ബലാത്സംഗത്തിന് ഇരകളായിട്ടുണ്ടെങ്കില്‍ ആകെ കണക്ക് 28,046 ആണ്. കഴിഞ്ഞ വര്‍ഷം 3,71,503 സ്ത്രീകള്‍ പല തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരകളായതായാണ് കണക്ക്. 2019നെക്കാള്‍ 8.3ശതമാനം (4,05,326) കുറവാണിത്. 2020ല്‍ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണങ്ങളില്‍ ബലാത്സംഗം അടക്കം ആകെ കേസുകള്‍ 28,153 ആണ്.

റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലാണ് കൂടുതല്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളായത്.(5,310 പേര്‍). ഉത്തര്‍പ്രദേശ് (2,769), മധ്യപ്രദേശ് (2,339), മഹാരാഷ്ട്ര (2,062) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2019ല്‍ 62.3ശതമാനമായിരുന്നത് 2020ല്‍ 56.5 ശതമാനമായി കുറഞ്ഞു. 2020ല്‍ സ്ത്രീകള്‍ നേരിട്ട അതിക്രമണങ്ങളില്‍ 1,11,549 എണ്ണം ഭര്‍ത്താവോ മറ്റ് കുടുംബാഗങ്ങളോ പ്രതികളായവരാണ്. 62,300 കേസുകള്‍ തട്ടിക്കൊണ്ടുപോകലായിരുന്നു. 85,392 കേസുകള്‍ മറ്റ് ശാരീരിക അതിക്രമണങ്ങള്‍ ആയിരുന്നപ്പോള്‍ 3,741 കേസുകള്‍ പീഡന ശ്രമമായിരുന്നു.

2020ല്‍ 105 ആസിഡ് ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ 7,045ഉം. ഇതില്‍ത്തന്നെ 6,966 മരണവും എന്‍സിആര്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നു.