India National

പാക് അനുകൂല പരാമര്‍ശം: സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക് അനുകൂല പ്രസ്താവന നടത്തിയതിന് നവ്‌ജ്യോത് സിങ് സിദ്ധുവിനെതിരെ പഞ്ചാബ് നിയമസഭയില്‍ പ്രതിഷേധം. സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള ശിരോമണി അകാലിദളിന്റെ പ്രതിഷേധം ബജറ്റ് സെഷന്‍ തടസപ്പെടുത്തി. സിദ്ധുവിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും രംഗത്തെത്തി. എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനെ ഒന്നടങ്കം അപലപിക്കുന്നത് ശരിയല്ലെന്ന് സിദ്ധു പ്രതികരിച്ചു.

ഭീകരാക്രമത്തെ കുറിച്ച് പരാമര്‍ശം; കപില്‍ ശര്‍മ ഷോയില്‍ നിന്നും സിദ്ധു പുറത്ത്

സിദ്ധുവിന്റെ ഫോട്ടോ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷമായ ശിരോമണി അകാലിദളിന്റെ പ്രതിഷേധം. സഭയുടെ ബജറ്റ് സെഷന്‍ തടസപ്പെട്ടു. ശിരോമണി അംഗം മജീതിയയും സിദ്ധുവും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പിന്നീട് സ്പീക്കര്‍ ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയില്‍ ചിലരുടെ നീച ചെയ്തികളുടെ പേരില്‍ പാകിസ്താനെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിദ്ധു അഭിപ്രായപ്പെട്ടിരുന്നു.

പ്രസ്താവന വിവാദമായതോടെ സ്വകാര്യ ഹിന്ദി ചാനലിലെ കോമഡി ഷോയില്‍ നിന്ന് സിദ്ധുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. സിദ്ധുവിനെ തള്ളിയ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സിദ്ധുവിന് സൈനികരുടെ വേദന മനസിലാക്കാനായിട്ടില്ലെന്ന് പ്രതികരിച്ചു. സഭക്ക് പുറത്ത് പാകിസ്താന്റെ പതാക കത്തിച്ച് ഭരണപക്ഷമായ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന പ്രസ്താവനയുമായി വീണ്ടും സിദ്ധു രംഗത്തെത്തി.