India

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്; സിദ്ദു പിസിസി അധ്യക്ഷനായി തുടരും, ഔദ്യോഗിക പ്രഖ്യാപനം നാളെ

നവ്‌ജോത് സിംഗ് സിദ്ദുവിന്റെ രാജി തള്ളി ഹൈക്കമാൻഡ്. നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു.

നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ പ്രതികരണം . കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായിയാണ് സിദ്ദു കൂടിക്കാഴ്ച നടത്തിയത്. പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം നവ്‌ജോത് സിംഗ് സിദ്ദു ആദ്യമായാണ് എഐസിസി ആസ്ഥാനത്ത് എത്തിയത്.

സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത്. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി തത്ക്കാലം ഉയർത്തിക്കാട്ടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിലപാടാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.