India

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ കുറക്കുക, കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തെ സ്തംഭിപ്പിക്കുന്ന പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു തുടങ്ങി പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സര്‍ക്കാര്‍, സ്വകാര്യ, പൊതുമേഖലകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും.

48 മണിക്കൂർ നീളുന്ന പണിമുടക്കില്‍ നിന്ന് കേരളത്തിലെ അവശ്യ സേവനങ്ങളെയും, ടൂറിസം കേന്ദ്രങ്ങളെയും ഒഴിവാക്കിയെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചു. വാഹനങ്ങൾ തടയില്ല. പണിമുടക്ക് ഹർത്താലായി മാറില്ലെന്നും സമരസമിതി അറിയിച്ചു. തുടർച്ചെയുണ്ടായ ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ ട്രെയിനുകൾ പിക്കറ്റ് ചെയ്യും. സംസ്ഥാനത്തെ 19 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ ദേശീയ പണിമുടക്ക് നടക്കുന്ന ദിവസങ്ങളില്‍ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്. പണിമുടക്ക് ന്യായമായതിനാൽ തൊഴിലാളികൾക്ക് എതിരെ നടപടി എടുക്കില്ല. ഹർത്താൽ നിരോധിക്കുന്നത് വരെ മുന്നോട്ട് പോകുമെന്നും ടി. നസറുദ്ദീന്‍ കോഴിക്കോട് പറഞ്ഞു.