National

തുടര്‍ഭരണത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി 25 ന് സത്യപ്രതിജ്ഞ ചെയ്യും

രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്.

50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്.

വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കര്‍ഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാന്‍ ഒട്ടനവധി കാരണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.

1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു.