തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ ഒരു ചെറിയ ഗ്രാമത്തിലെ വയലുകൾ പരിപാലിച്ചാണ് ഷെയ്ഖ് മീരാൻ തന്റെ ജീവിതം മുന്നോട്ട് നയിച്ചത്. പക്ഷെ തന്റെ നാല് മക്കളും പഠിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കണം എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി അദ്ദേഹം തന്റെ മക്കളെ പ്രാപ്തരാക്കുകയും ചെയ്തു. എന്നാൽ തന്റെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു മക്കളിൽ ഒരാളുടെ വളർച്ച. നിഗർ ഷാജി എന്ന 59 കാരിയെ ഓർമയില്ലേ? സെപ്റ്റംബർ 2 ന്, ഐഎസ്ആർഒ ചെയർപേഴ്സൺ എസ് സോമനാഥുമായി വേദി പങ്കിട്ട നിഗർ ഷാജി. ഇന്ത്യയുടെ സൗര്യദൗത്യം ആദിത്യ-എൽ 1ന്റെ വിക്ഷേപണം വിജയകരമായി എന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോകശ്രദ്ധ നേടിയ സ്ത്രീസാന്നിധ്യം.
ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ബഹിരാകാശ പേടകത്തിന് സൂര്യന്റെ തടസ്സമില്ലാത്ത കാഴ്ച കിട്ടാനായി ഭൂമിയിൽ നിന്നുള്ള ഐഎസ്ആർഒ കേന്ദ്രങ്ങളിലുടനീളമുള്ള നൂറുകണക്കിന് ആളുകളുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്ന ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറാണ് നിഗർ ഷാജി. ‘മുസ്ലിം സ്ത്രീകൾ പുറത്തുപോയി വിദ്യാഭ്യാസം നേടുന്നത് സാധാരണമല്ലാത്ത കാലത്ത് അച്ഛൻ ഞങ്ങൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി അദ്ദേഹം മക്കളെ പ്രാപ്തരാക്കി എന്നും നിഗർ ഷാജി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗണിതത്തിൽ മാസ്റ്റേഴ്സ് നേടിയ ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഈ ചിന്തയ്ക്ക് പിന്നിൽ നേടിയെടുത്ത വിദ്യാഭ്യാസം തന്നെയാണ്. ഐഎസ്ആർഒയിൽ ചേരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഗണിതത്തോടും ഭൗതികശാസ്ത്രത്തോടുമുള്ള ഇഷ്ടമാണ് എന്നെ ഇവിടെ എത്തിച്ചത് എന്ന് നിഗർ ഷാജി പറയുന്നു. ‘ഡോക്ടർ ആകണമെന്നായിരുന്നു വീട്ടുകാരുടെ ഇഷ്ടം. അങ്ങനെയാകുമെന്നാണ് ഞാനും വിചാരിച്ചത്. പക്ഷെ എനിക്ക് എന്താണ് ഇഷ്ടമെന്ന് തീരുമാനിക്കാൻ ഞാൻ ഒരു വർഷത്തെ ഇടവേള എടുത്തു. ഗണിതവും സയൻസിലുമാണ് താല്പര്യം എന്ന് മനസിലാക്കി എൻജിനിയറിങ് പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ഇലക്ട്രിക്കൽ ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.
പത്രത്തിൽ കണ്ട ഒരു പരസ്യത്തെ തുടർന്നാണ് ഐഎസ്ആർഒയിൽ ചേരാൻ തീരുമാനിച്ചത്. അല്ലാതെ പ്ലാൻ ചെയ്ത് എത്തിയതല്ല ഇവിടെ. എങ്കിലും ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ആദിത്യ എൽ 1 എന്നെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ച ദൗത്യമാണ്. പുതിയതും വെല്ലുവിളി നിറഞ്ഞതുമാണ്. ഞങ്ങൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു പാതയിലൂടെ സഞ്ചരികാൻ സാധിക്കും.’ എന്നും നിഗർ കൂട്ടിച്ചേർത്തു.
Read Also: നിപ: ലക്ഷണങ്ങളും പ്രതിരോധവും അറിയാം…
നിഗർ ഷാജിയ്ക്കൊപ്പം തന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന പേരാണ് യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിഗറിന്റെ സഹപ്രവർത്തകയായ കല്പന കാൽഹസ്തിയുടേത്. 47 കാരയായ കല്പന ചന്ദ്രയാൻ-3 മിഷന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറാണ്. ഈ നേട്ടത്തിലേക്ക് തന്നെ എത്തിച്ചതിന് പിന്നിൽ അമ്മയാണെന്ന് കല്പന പറയുന്നു.
എന്റെ എൻജിനിയർ ആകാനുള്ള തീരുമാനത്തെ പിന്തുണച്ച് ഒപ്പം നിന്നത് അമ്മയാണ്. എന്നെ സംബന്ധിച്ചിടത്തോളം സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് എന്ന ജനപ്രിയ മേഖല ആകർഷണീയമായ ഒന്നായിരുന്നില്ല. ഐഎസ്ആർഒ ആയിരുന്നു സ്വപ്നം. അവിടെ എത്തിച്ചേരാനായി പ്രയത്നിച്ചു. ചന്ദ്രയാൻ-2 ദൗത്യത്തിന്റെയും ഭാഗമായിരുന്നു കൽപന.
’ചന്ദ്രയാൻ-2 ക്രാഷ് ലാൻഡിംഗിന് ശേഷം, പരാജയ വിശകലനം പൂർത്തിയായതോടെ പുതിയ ടീമുകളെ പ്രഖ്യാപിക്കുകയായിരുന്നു. മിഷന്റെ വിവിധ വശങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ടീമുകളുമായി ജോലികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല പ്രൊജക്ട് ഡയറക്ടർ പി വീരമുത്തുവേലിനൊപ്പം വഹിച്ച ആളാണ് കല്പന. കരുത്തുറ്റ ഒരു ബഹിരാകാശ പേടകം വികസിപ്പിക്കാൻ മാത്രമല്ല, തീർത്തും അപകടകരമായ സാഹചര്യങ്ങളിൽപ്പോലും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുന്നതിനും തുടർന്ന് സമഗ്രമായി പരിശോധിക്കാനും ടീമുകൾ അശ്രാന്തമായി പ്രവർത്തിച്ചിരുന്നു എന്നും കൽപന കൂട്ടിച്ചേർത്തു.