കർണാടക ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശിയും എഴുപതുകാരിയുമായ ബിവാ പാൽ ആണ് കൊല്ലപ്പെട്ടത്. മകൾ സെനാലി സെൻ ആണ് പൊലിസിൽ കീഴടങ്ങിയത്.
ബെംഗളുരു മൈക്കോ ലേ ഔട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. സെനാലിയുടെ മാതാവും ഭർതൃമാതാവും തമ്മിൽ പതിവായി വഴക്കിടാറുണ്ട്. ഇതിൻ്റെ പേരിൽ സെനാലിയും ബീവയും തമ്മിൽ വാക്കുതർക്കങ്ങളും പതിവായിരുന്നു. ഭർത്താവില്ലാതിരുന്ന ഇന്നലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താൻ സെനാലി തീരുമാനിച്ചത്. അതിനിടെ, ബിവാ പാൽ ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ബിവയ്ക്ക് പാലിൽ ഉറക്ക ഗുളിക നൽകി മയക്കി കിടത്തിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സെനാലി കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു ശേഷം, മൃതദേഹം സ്യൂട്ട് കേസിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു നീക്കം. എന്നാൽ, ഭയന്നു പോയ സെനാലി പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവ സമയത്ത് സെനാലിയുടെ ഭർതൃമാതാവും ഫ്ലാറ്റിലുണ്ടായിരുന്നു. ഇത് സംബന്ധിച്ചും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ബംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് സെനാലി സെൻ.