National

‘നടപടി വേണം, ഇല്ലെങ്കിൽ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളും’; സീമ ഹൈദറിന് വീണ്ടും ഭീഷണി


കാമുകനൊപ്പം ജീവിക്കാൻ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതി സീമ ഹൈദറിന് നേരെ വീണ്ടും ഭീഷണി. നടപടിയെടുത്തില്ലെങ്കിൽ യുവതിയെ പാക് അതിർത്തിക്കപ്പുറത്തേക്ക് തള്ളുമെന്ന് മുന്നറിയിപ്പ്. ഹിന്ദു സംഘടനയായ കർണി സേനയുടെതാണ് ഭീഷണി. അതേസമയം സീമ ഹൈദറിന്റെ സഹോദരൻ പാകിസ്താൻ സൈന്യത്തിലുണ്ടെന്ന് മുൻ ഭർത്താവ് സ്ഥിരീകരിച്ചു.

ഓരോരുത്തരുടെ സൗകര്യത്തിന് വരാവുന്ന അനാഥാലയമല്ല ഇന്ത്യയെന്ന് കർണി സേനയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകേഷ് സിംഗ് റാവൽ പറഞ്ഞു. സീമ ഹൈദർ ഇന്ത്യയിലേക്ക് കടന്ന രീതി തികച്ചും സംശയാസ്പദമാണ്. യുവതി ഒന്നുകിൽ പാക്‌ ഏജന്റ് അല്ലെങ്കിൽ തീവ്രവാദി. യുവതിയുടെ ശരീരത്തിൽ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും, വിശദമായി പരിശോധിക്കണം. ഹിന്ദുസ്ഥാനിൽ ഇത്തരം പ്രവർത്തികൾ തങ്ങൾ അനുവദിക്കില്ലെന്നും മുകേഷ് പറഞ്ഞു.

“യുപി എടിഎസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഒരു നടപടിയും ഉണ്ടായില്ലെങ്കിൽ, ഞങ്ങൾ അവളെ (സീമ ഹൈദറിനെ) പാകിസ്താൻ അതിർത്തിക്കപ്പുറത്തേക്ക് തള്ളും”- കർണി സേന നേതാവ് വ്യക്തമാക്കി. അതിനിടെ, സീമയുടെ സഹോദരൻ ആസിഫും അമ്മാവൻ ഗുലാം അക്ബറും പാകിസ്താൻ സൈന്യത്തിൽ ഉണ്ടെന്ന് മുൻഭർത്താവ് ഗുലാം ഹൈദർ സ്ഥിരീകരിച്ചു. കറാച്ചിയിൽ ജോലി ചെയ്യുന്ന സീമയുടെ സഹോദരൻ ആസിഫിനെ താൻ കണ്ടിരുന്നുവെന്നും അവർ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സീമയുടെ അമ്മാവൻ പാകിസ്താൻ ആർമിയിൽ ഉന്നത പദവി വഹിക്കുന്നുണ്ടെന്നും ഇസ്‌ലാമാബാദിൽ ആണെന്നും ഗുലാം കൂട്ടിച്ചേർത്തു. നേരത്തെ സീമ ഹൈദറിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) യുപി പൊലീസും ചോദ്യം ചെയ്തിരുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള ബന്ധത്തെക്കുറിച്ചും എടിഎസും ഇന്റലിജൻസ് ബ്യൂറോയും (ഐബി) അന്വേഷണം നടത്തുന്നുണ്ട്. 2019 ൽ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെയാണ് നോയിഡ സ്വദേശിയായ സച്ചിൻ മീണയെ സീമ പരിചയപ്പെടുന്നത്.

പിന്നീട് സച്ചിനുമായി പ്രണയത്തിലായ ഇവർ മേയിൽ നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നത്. ഡൽഹിയിലേക്ക് ബസ് മാർഗം എത്തിയ ഇവരെ പിന്നീട് നോയിഡയിലെ വാടക വീട്ടിലേക്കു സച്ചിൻ കൂട്ടുകയായിരുന്നു.