ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരെയും വലിയ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഖേയർപൂരിൽ സിപിഐഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായതായി പാർട്ടി പ്രവർത്തകർ പറയുന്നു. ( Widespread violence against CPIM workers in Tripura ).
ത്രിപുരയിലെ നിർണ്ണായക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണുണ്ടാവുന്നത്. പണത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് ബിജെപി ത്രിപുര തെരഞ്ഞടുപ്പിൽ വിജയം നിലനിർത്തിയതെന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രംഗത്തെത്തിയിരുന്നു. അക്രമ രാഷ്ട്രീയമാണ് ബിജെപി മുന്നിട്ട് വെച്ചത്. നേരിയ വിജയം മാത്രമാണ് ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ അവർക്ക് സീറ്റുകൾ കുറവാണ് എന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 44 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഈ വർഷം അത് 33 ആയി കുറഞ്ഞു. കനത്ത അക്രമമാണ് ബിജെപി ത്രിപുരയിൽ അഴിവിട്ടിരുന്നതെന്നും യെച്ചൂരി ആരോപിച്ചിരുന്നു. അക്രമത്തിൽ പ്രവർത്തകർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പിന് മൂന്ന് മാസം ബാക്കി നിൽക്കുമ്പോൾ പോലും തങ്ങൾക്ക് പ്രചാരണം നടത്താൻ സാധിച്ചില്ല. എന്നിട്ടും ഇവയെല്ലാം അതിജീവിച്ചു പാർട്ടിയുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ ബംഗാളി വോട്ടു ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഗ്രാമീണ മേഖലയിലെ ഗോത്രവർഗത്തിന്റെയും അടിസ്ഥാന വർഗത്തിന്റെയും വോട്ടുകൾ ഇത്തവണ ചോർന്നപ്പോൾ, നേരെത്തെ ലഭിക്കാതിരിന്ന മധ്യ വർഗ വോട്ടുകളിൽ ഇത്തവണ വർധനവുണ്ടായി എന്നാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ.ഈ ചോർച്ചക്ക് പ്രധാന കാരണം തിപ്ര മോതയാണെന്നാണ് നിഗമനം. ആദ്യതെരഞ്ഞെടുപ്പിൽ തന്നെ രണ്ടാമത്തെ വലിയ പാർട്ടിയായ തിപ്ര മോത ഭാവിയിൽ വലിയ ഭീഷണി ഉയർത്തും എന്ന ആശങ്ക ഇരുപാർട്ടികൾക്കുമുണ്ട്.