National

നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിന്? രാഹുല്‍ ഗാന്ധി

നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.

നമ്മുടെ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുല്‍ ചോദിച്ചു. നമ്മുടെ സൈനികരെ നിരായുധരായി രക്തസാക്ഷികളാവാന്‍ അയച്ചത് എന്തിനെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.

ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ഉന്നയിക്കുന്നത്. മറ്റൊരു ട്വീറ്റില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനോടുള്ള രാഹുലിന്‍റെ ചോദ്യം ഇങ്ങനെ-

“നിങ്ങളുടെ ട്വീറ്റില്‍ ചൈനയുടെ പേര് നല്‍കാതെ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നത് എന്തുകൊണ്ട്? അനുശോചിക്കാന്‍ രണ്ട് ദിവസം എടുത്തത് എന്തുകൊണ്ട്? സൈനികര്‍ രക്തസാക്ഷിത്വം വരിക്കുമ്പോള്‍ റാലികളെ അഭിസംബോധന ചെയ്യുന്നത് എന്തുകൊണ്ട്? എല്ലാം മറച്ചുവെച്ച് വേണ്ടപ്പെട്ട മാധ്യമങ്ങളെകൊണ്ട് സൈന്യത്തെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട്? മാധ്യമങ്ങളെ ഉപയോഗിച്ച് സൈന്യത്തെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ട്?”.

സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതിനെതിരെയും രാഹുല്‍ ഇന്നലെ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്‍റെ മണ്ണ് കയ്യേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ചോദിച്ചു.